+ -

Search Orders/Circulars

Saturday, April 18, 2020

അത് കൃഷ്ണവിലാസം ഗൗരിയുടെ ഭർത്താവിനോട് ചോദിക്കണം.

ചേക്കിലെ പ്രധാന പലിശക്കാരനാണ് പിള്ളേച്ചൻ. താരതമ്യേന പലിശ നിരക്ക് ചെറിയ തോതിൽ കുറവുള്ളത് കൊണ്ട് ആ ഗ്രാമത്തിലെ പലരും പിള്ളേച്ചന്റെയടുത്താണ് പലിശക്കും, പണയത്തിനും പണം കടം വാങ്ങുന്നത്. നാട്ടിൽ അത്യാവശ്യം നല്ല അടച്ചുറപ്പുള്ള വീടിന്റെ കാര്യത്തിലും പിള്ളേച്ചൻ മുന്നിലാണ്. അത് കൊണ്ട് തന്നെ ജനങ്ങൾ അവരുടെ വിലപിടിപ്പുള്ള ആധാരവും, സ്വർണവുമെല്ലാം പണയം വക്കുന്നതിനെ കുറിച്ച് ആവലാതി ഇല്ല. കാരണം പിള്ളേച്ചനാണല്ലോ.

അങ്ങനെയിരിക്കെ പിള്ളേച്ചന്റെയടുത്തു നിന്ന് സ്ഥലവും മറ്റും പണയം വച്ച് പണം വാങ്ങി കൃഷിയൊക്കെ പലരും നടത്തുന്നുണ്ട്. ആ ഇടക്കാണ് ചേക്കിനു പച്ചക്കറി കൃഷിയുടെ പേരിൽ അവാർഡ് ലഭിക്കുന്നത്. അത് കേട്ടറിഞ്ഞാണ് മലയാളിയും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക്കർ കമ്പനിയുടെ ഉടമയുമായ മീശ മാധവൻ ചേക്കിലെത്തുന്നത്.

ചേക്കിന്റെ കൃഷി മേന്മ പിള്ളേച്ചന്റെ പണം മൂലമാണെന്നും, ആ പിള്ളേച്ചനെ സഹായിച്ചാൽ അത് ചേക്കിനെ സഹായിച്ചത് പോലെയാണെന്നും തിരിച്ചറിഞ്ഞ മീശമാധവൻ പിള്ളേച്ചനെ കണ്ടു. പിള്ളേച്ചന് ആവശ്യമായ നല്ല ലോക്കർ സൗകര്യം ഒരുക്കി തരാമെന്നും, പത്ത് പൈസ തരേണ്ട എന്നും പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി മീശമാധവന്‌ പിള്ളേച്ചൻ അനുമതി നൽകി.

അങ്ങനെ ലോക്കർ പണി തീർന്നു. നാട്ടുകാരുടെ വിലപ്പെട്ട ആധാരങ്ങൾ, സ്വർണം ഇവയെല്ലാം മീശമാധവന്റെ ലോക്കറിലേക്ക് മാറ്റി. പിള്ളേച്ചന് എപ്പോൾ വേണമെങ്കിലും വന്നെടുക്കാമെന്നും താക്കോൽ പിള്ളേച്ചന്റെ കയ്യിൽ ആണല്ലോ എന്നും പറഞ്ഞു. പിള്ളേച്ചൻ ഹാപ്പിയായി.

ഇതെല്ലാം ഫ്രീ ആയി പണിത് നൽകിയതിന്റെ പേരിൽ പിള്ളേച്ചൻ ഒന്ന് രണ്ട് സഹായം നൽകണമെന്ന് മീശ മാധവൻ പറഞ്ഞു. പിള്ളേച്ചനെ പോലൊരു പലിശക്കാരൻ തന്റെ ലോക്കർ ആണ് ഉപയോഗിക്കുന്നതെന്ന് നാലാൾ അറിഞ്ഞാൽ എനിക്ക് ഒരുപാട് കച്ചവടം കിട്ടുമെന്നും അത് കൊണ്ട് പിള്ളേച്ചന്റെ പേരും, പിള്ളേച്ചന്റെ കണക്കപിള്ളയെയും വച്ച് ഞാനൊരു പരസ്യം ചെയ്‌തോട്ടെ എന്ന് ചോദിച്ചു. അതും പിള്ളേച്ചൻ സമ്മതിച്ചു. ഒന്ന് രണ്ടു പേപ്പർ സൂത്രത്തിൽ ഒപ്പിട്ടു കൊടുത്തു.

അങ്ങനെയിരിക്കുന്ന സമയത്താണ്, ചേക്കിലെ വക്കീൽ മുകുന്ദനുണ്ണി വിഷയത്തിൽ ആദ്യ വെടിപൊട്ടിക്കുന്നത്.

പുകമറക്കുള്ളിൽ നിൽക്കുന്ന മാധവന്റെ കമ്പനിക്ക് ലോക്കർ പണിയാൻ കൊടുത്തത് മൂലം നാട്ടുകാരുടെ വിലപിടിപ്പുള്ള സ്വത്തുക്കൾ അമേരിക്കയിലേക്ക് കടത്താനാണ് പ്ലാൻ. ലോക്കറിന്റെ ഉടമസ്ഥാവകാശം പിള്ളേച്ചനല്ല എന്നും ഇതിന് മുൻപ് പണിത പല ലോക്കറിലെയും വസ്തുക്കൾ മറിച്ചു വിറ്റ ചരിത്രം മാധവനുണ്ടെന്നും വക്കീൽ മുകുന്ദനുണ്ണി പറഞ്ഞു.

ആദ്യമൊക്കെ പുച്ഛിച്ചു തള്ളിയ പിള്ളേച്ചന് പിന്നാലെ ജനവികാരം എതിരാകുമെന്ന് തോന്നി. പിള്ളേച്ചൻ പ്രതിസന്ധിയിലായി.

അങ്ങനെയിരിക്കെയാണ് നാട്ടിൽ വിഷയം വ്യാപകമായി ചർച്ചാ ചെയ്യപ്പെടുന്നത്. മാധവൻ പണിയുന്ന ലോക്കറിലേ വസ്തുക്കളിലും മാധവന് അധികാരമുണ്ടെന്നും, അത് വേണമെങ്കിൽ മാധവന് വിൽക്കാമെന്നും മാധവൻ സാധാരണ പണിയാൻ വരുമ്പോൾ ഉള്ള കരാറിലെ പ്രൈവസി പോളിസി എന്നിവയിൽ പറയുന്നുണ്ടെന്നും നാട്ടിൽ ചർച്ചയായി.

ഇതിന് മുൻപ് മാധവൻ പണിത ലോക്കർ കഥകളിലെ തട്ടിപ്പുകൾ വാർത്തയായി. അങ്ങനെയിരിക്കെ പിള്ളേച്ചൻ നേരത്തെ ഒപ്പിട്ടു കൊടുത്ത പേപ്പർ മറിച്ചു നോക്കി, ശെരിയാണ്‌ മാധവൻ കമ്പനിയുടെ പോളിസി പ്രകാരം ലോക്കറിലേ വസ്തുക്കളിൽ മാധവന് അധികാരമുണ്ടെന്നും, മാധവന് ലോക്കർ തുറന്ന് എടുത്തോണ്ട് പോകാൻ കഴിയുമെന്നും മനസ്സിലായി. പൂർണമായും പെട്ടു പോയ പിള്ളേച്ചൻ നാട്ടുകാരുടെ എതിർപ്പ് മറികടക്കാൻ ഒരു ബുദ്ധി പ്രയോഗിച്ചു.

മാധവന്റെ ലോക്കർ ഉപേക്ഷിക്കുന്നുവെന്നും പിള്ളേച്ചന്റെ സ്വന്തം ലോക്കറിലാണ് ആൾക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുകയുള്ളു എന്നും വാർത്ത കൊടുത്തു. ജനങ്ങൾ ആദ്യം കരുതി പ്രശ്നം തീർന്നു എന്ന്, പക്ഷെ മാധവന് ഒപ്പിട്ടു കൊടുത്തത് മൂലം പെട്ടു പോയ പിള്ളേച്ചൻ ജനങ്ങളെ പറ്റിക്കാൻ മാധവന്റെ ലോക്കറിന് മുന്നിൽ കൃത്രിമമായ മറ്റൊരു ലോക്കർ ഉണ്ടാക്കി. പിള്ളേച്ചന്റെ ലോക്കറിൽ ഇട്ടാൽ നേരെ മാധവന്റെ ലോക്കറിൽ പോകുന്ന അവസ്ഥ.

അതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യാൻ ചേക്കിലെ ആല്മരച്ചോട്ടിൽ പിള്ളേച്ചൻ ചെന്നു. നാട്ടുകാരോട് മറ്റൊരുപാട് വിഷയത്തെ കുറിച്ച് സംസാരിച്ചു. പയറു നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, വാഴക്ക് വെള്ളം നനക്കണമെന്ന കാര്യം അങ്ങനെ തള്ളി നീക്കുമ്പോൾ ആണ് നാട്ടിലെ മറ്റൊരു മൂപ്പൻ പിള്ളേച്ചനോട് ചോദിച്ചത്.

ലോക്കർ വിഷയത്തിൽ എന്താണ് പറയാനുള്ളത് ?

അത് കൃഷ്ണവിലാസം ഗൗരിയുടെ ഭർത്താവിനോട് ചോദിക്കണം.

താങ്കളല്ലേ കൃഷ്ണവിലാസം ഗൗരിയുടെ ഭർത്താവ്, താങ്കൾക്കു മാധവനുമായി കരാർ ഉണ്ടായിരുന്നോ, എന്തായിരുന്നു കരാർ വിവരങ്ങൾ ?

എനിക്കതിന്റെ പിന്നാലെ പോക്കല്ല പണി. കൂടുതൽ പറയുന്നില്ല, ചോദ്യങ്ങൾ കഴിഞ്ഞു വരിൻ

കുറച്ചു കഴിഞ്ഞു പിള്ളേച്ചന്റെ കണക്കപ്പിള്ള പെടലി മറ്റൊരിടത്തു പോയി സംസാരിക്കുന്നതിനിടയിൽ ഇപ്പോഴും വസ്തുക്കൾ പോകുന്നത് മാധവന്റെ ലോക്കറിലേക്കാണെന്നും പിള്ളേച്ചന്റെ ഐഡിയ അങ്ങനെയാണെന്നും പറഞ്ഞു. ഇത് നാട്ടിലാകെ പാട്ടായി കഴിഞ്ഞിരുന്നു. പിള്ളേച്ചൻ ചെക്ക്‌ നിവാസികളെ ചതിക്കുകയാണെന്ന ചിന്ത ജനങ്ങൾക്കിടയിൽ ശക്തമായി...

Mahin Aboobacker
5 KAU Orders Circulars Forms: അത് കൃഷ്ണവിലാസം ഗൗരിയുടെ ഭർത്താവിനോട് ചോദിക്കണം. ചേക്കിലെ പ്രധാന പലിശക്കാരനാണ് പിള്ളേച്ചൻ. താരതമ്യേന പലിശ നിരക്ക് ചെറിയ തോതിൽ കുറവുള്ളത് കൊണ്ട് ആ ഗ്രാമത്തിലെ പലരും പിള്ളേച്ചന്റെയടുത്താണ് പ...

No comments:

Post a Comment

< >