+ -

Search Orders/Circulars

Saturday, April 18, 2020

ചാവേറുകൾ ചാവേറുകൾ

സാമൂതിരിക്കാലത്ത് മാമാങ്കത്തിൽ പറന്നുവെട്ടുന്നവർ ചാവേറുകളായി വരുമായിരുന്നത്രേ. കൊറോണക്കാലത്ത് ചാനലുകളിൽ പറന്ന് വെട്ടുന്ന ഒരു ചാവേറിനെ കണ്ടു. സംസ്ഥാന ഐ.ടി.സെക്രട്ടറി എം.ശിവശങ്കരൻ. ആദ്യം ഏഷ്യാനെറ്റിൽ, വൗ എക്സ്ക്ലൂസീവ്.... മണിക്കൂറുകളുടെ ഇടവേളയിൽ മാതൃഭൂമിയിലും മനോരമയിലും കണ്ടപ്പോഴാണ് കൊള്ളാല്ലോ കുമ്പിടി എന്ന് തോന്നിയത്. സർക്കാർ സ്പോൺസേഡ് പ്രോഗ്രാം. സ്പ്രിംഗ്ളർ വിവാദത്തിൽ മിയ കുൽപ അഥവ എന്റെ പിഴ എന്ന് പറയുന്നത് പോലെ ഇതിൽ മറ്റാർക്കും പങ്കില്ല ഞാൻ ഞാൻ ഞാൻ മാത്രം. എഗെയിൻ വൗ, വാട്ട് എ ജനാധിപത്യം. മന്ത്രിയുടെയും മുഖ്യമന്ത്രിയുടേയുമൊന്നും ആവശ്യമില്ല. എനിക്ക് തോന്നി ഞാൻ ചെയ്തു എന്ന് പറയുന്ന ഇമ്മാതിരി "തന്ത്രി"മാർ മതി.

സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ചാനലുകളായ ചാനലുകളെല്ലാം ധൈര്യപൂര്‍വ്വം കയറിയിറങ്ങി മണിക്കൂറുകള്‍ ചെലവിട്ടുവെങ്കില്‍ അത് യാദൃശ്ചികമായി സംഭവിച്ചതല്ല. അതും മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിന്റെ തലവന്‍. സർക്കാർ അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാർ ജീവനക്കാർ പ്രതികരിക്കരുത് എന്ന് പിണറായി സർക്കാർ മാസങ്ങൾക്ക് മുമ്പിറക്കിയ ഉത്തരവ് ഇത്തരുണത്തിൽ നന്ദിപൂർവം സ്മരിച്ചു കൊള്ളുന്നു.

ന്യൂസ് റൂമുകളിലിരുന്ന് ശിവശങ്കരന്‍ എന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ കുടിച്ച വെള്ളത്തിന് കണക്കില്ല.നേര്‍ക്ക് നേരെ നിന്ന് പ്രതിരോധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഉദ്യോഗസ്ഥനെ മുന്‍നിര്‍ത്തി ശിഖണ്ഡി യുദ്ധം.... എല്ലാറ്റിന്റേയും ഉത്തരവാദിത്വം തനിക്കെന്ന് ഐ.ടി സെക്രട്ടറി പറയുമ്പോള്‍ അതിനെ അണിയറക്കുള്ളിലിരുന്ന് പിന്താങ്ങാന്‍ ഒരാളുണ്ടെന്ന് ഉറപ്പാണ്. ഐ.ടി വകുപ്പ് മാത്രം കൈകാര്യം ചെയ്യേണ്ടുന്ന വിഷയമല്ല സ്പ്രിംഗ്ളർ എന്നിരിക്കെ എല്ലാറ്റിന്റേയും ഉത്തരവാദിത്വം തനിക്കെന്ന് വകുപ്പ് സെക്രട്ടറി പറയുന്നു. ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറയുന്നുണ്ട് ഒരു ഘട്ടത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇതില്‍ ചേരുന്നുണ്ടെന്ന്. രണ്ട് ദിവസം മുന്‍പാണ് സ്പ്രിംഗ്ളർ ഇടപാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ തീര്‍ത്തുപറയുന്നത്. ഉദ്യോഗസ്ഥരാണോ നാടു ഭരിക്കുന്നത്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി അതിന്റെ ഉടമ മലയാളിയോ ബിഹാറിയോ ബംഗാളിയോ ആയിക്കോട്ടെ ഏത് വിധത്തിലുള്ള കരാറുമായിക്കോട്ടെ, കരാറില്ലെങ്കില്‍ അതും വേണ്ട. എന്നാലും ഇവിടെയൊരു മുഖ്യമന്ത്രിയില്ലേ 19 മന്ത്രിമാരില്ലേ. അവര്‍ അറിയണ്ടേ അവരുടെ വകുപ്പകളുമായി ബന്ധപ്പെട്ട് എന്ത് നടക്കുന്നുവെന്ന്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മീതെയാണോ അമ്പതോളം വരുന്ന വകുപ്പ് സെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും. സര്‍ക്കാര്‍ അറിയാതെ ഭരണം നടത്താനാണെങ്കില്‍ എന്തിനാണ് പിന്നെ പേരിനൊരു സര്‍ക്കാര്‍... ആ ആർക്കറിയാം..... ഇനിയും ഇതുവഴി വരുമോ പറന്നു വെട്ടുന്ന ചാവേറുകൾ.
5 KAU Orders Circulars Forms: ചാവേറുകൾ ചാവേറുകൾ സാമൂതിരിക്കാലത്ത് മാമാങ്കത്തിൽ പറന്നുവെട്ടുന്നവർ ചാവേറുകളായി വരുമായിരുന്നത്രേ. കൊറോണക്കാലത്ത് ചാനലുകളിൽ പറന്ന് വെട്ടുന്ന ഒരു ചാവേറിനെ കണ്ടു...

No comments:

Post a Comment

<